തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം. സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും പക്വതയോടെയും പെരുമാറേണ്ടയാളാണ് ബിനോയ് വിശ്വമെന്നും, സമീപകാല പ്രസ്താവനകളും നിലപാടുകളും പദവിക്ക് യോജിച്ചതല്ലെന്നുമാണ് ചില അംഗങ്ങൾ വിമർശിച്ചത്.
‘അവതാര’ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, ഇത്തരം പ്രതികരണങ്ങൾ അപക്വമാണെന്നും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ പിഴവുകളും യോഗത്തിൽ വിമർശനത്തിന് ഇടയായി.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തന രീതിക്കെതിരെയും വിമർശനമുയർന്നു. സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർഥിത്വങ്ങൾ പരസ്പരം വീതിച്ചെടുത്തുവെന്ന ആരോപണവും ചിലർ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം തന്നെ അനാവശ്യമാണെന്നും അത് പുനഃസംഘടിപ്പിക്കുകയോ പിരിച്ചുവിടുകയോ വേണമെന്ന ആവശ്യവും കൗൺസിലിൽ ഉയർന്നതായി റിപ്പോർട്ടുണ്ട്.

















































