കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തുള്ള മുൻ ജർമൻ സ്‌ട്രൈക്കർ മിറാസ്ലാവ് ക്ലോസെയ്‌ക്കൊപ്പം മെസ്സിയെത്തി. അൾജീരിയക്കെതിരേ ഹാട്രിക് ഗോൾ നേടിയതോടെയാണ് മെസ്സി ക്ലോസേയ്‌ക്കൊപ്പമെത്തിയത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയാണിത്.
ഇരുവർക്കും 16 ഗോളുകളാണുള്ളത്. മത്സരത്തിന് മുൻപ് മെസ്സിയുടെ ലോകകപ്പിലെ ആകെ ഗോൾ നേട്ടം 13 ആിരുന്നു. അൾജീരിയക്കെതിരേ മിന്നിയ മെസ്സി തകർപ്പൻ ഹാട്രിക് കുറിച്ചതോടെ ഗോൾ നേട്ടം 16 ആയി. അതോടെ 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ മറികടന്നു. ഒരു ഗോൾ കൂടി നേടിയാൽ ക്ലാസേയെ മറികടക്കാം.
ലോകകപ്പിൽ അൾജീരിയക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമായി മെസ്സി മാറി. മെസ്സിയുടെ ആറാം ലോകകപ്പാണിത്. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമായി മെസ്സി മാറി. അർജന്റീനയ്ക്കായി മെസ്സിയുടെ 200-ാം മത്സരമാണിത്.
















































