മൈസൂർ: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് ഇന്നലെ രാവിലെ എട്ടുമുതൽ ഇന്ന് രാവിലെ എട്ടുവരെയുള്ള സമയത്തിനിടെ മരിച്ചത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും രംഗത്തെത്തി. പ്രത്യേകിച്ച് രാത്രികാലത്ത് ഐസിയുവിൽ മതിയായ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നാണ് അവരുടെ ആരോപണം.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വിവരങ്ങളോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമായ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും സംവിധാനങ്ങളിലെ പോരായ്മകളും നിലനിൽക്കുന്നുവെന്നാണ് ആക്ഷേപം.
അതേസമയം, ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ കൂടുതലായും എത്തുന്നതെന്നും അതിനാൽ മരണനിരക്ക് താരതമ്യേന ഉയർന്നതായിരിക്കുമെന്നും ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ വ്യക്തമാക്കി. കഴിഞ്ഞ 17 ദിവസത്തിനിടെ 64 മരണങ്ങളാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തതെന്നും ജൂൺ 9-ന് മാത്രം എട്ട് പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന ശരാശരി ആറ് മുതൽ ഏഴ് വരെ മരണങ്ങൾ ഇവിടെ പതിവാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. എന്നാൽ, ഒറ്റ ദിവസത്തിനിടെ 11 പേർ മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഇപ്പോൾ മറുപടി തേടപ്പെടുന്നത്.
സംസ്ഥാന സർക്കാരിന് കീഴിൽ സ്വയംഭരണ പദവിയിലുള്ള ആശുപത്രിയിലെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയം രാഷ്ട്രീയ വിവാദമായും മാറുകയാണ്.















































