വാഷിങ്ടൺ: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക. തെക്കൻ ഇറാൻ നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു രാത്രി അമേരിക്കയുടെ വ്യോമാക്രമണം. ഹോർമുസിൽ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്ത് വീഴ്ത്തിയതിനുള്ള മറുപടിയായാണ് യുഎസ് നീക്കം. ഇറാന്റെ വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ തകർത്തെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് തങ്ങൾ നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപമാണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതിന് തക്കതായ മറുപടി നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യുഎസ് സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ-അമേരിക്ക യുദ്ധസാഹചര്യം ആഗോള എണ്ണവിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ പുതിയ സൈനിക നീക്കം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഇറാൻ അതിർത്തിക്ക് സമീപമുള്ള വിദേശ സേനകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. സൈനിക സേനകളുടെ സാന്നിധ്യം അവർക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാൽ അപകടത്തിൽ പെട്ടേക്കാമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. വിദേശ സേനകൾ മേഖല വിടണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവർ ഇവിടെ നിന്നും പിൻവാങ്ങുക എന്നതാണ്. ഞങ്ങൾ നയതന്ത്ര തലത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് മുൻഗണന നൽകുന്നത്, എന്നാൽ മറ്റ് ഭാഷകളും ഞങ്ങൾക്ക് വഴങ്ങുമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി.

















































