തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം ചിത്രം വെച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തിരിച്ചടിയായെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. അതുപോലെ സ്ഥാനാർഥിനിർണയത്തിൽ പിഴവുണ്ടായി. കീഴ്‌ഘടകങ്ങളുടെ അഭിപ്രായം മാനിക്കാത്ത, സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
ഞാനല്ലാതെ മറ്റാര് എന്ന മട്ടിൽ പിണറായിയുടെമാത്രം ചിത്രംവെച്ചു പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് രീതിയല്ല. അത് വ്യക്തികേന്ദ്രിതമായിരുന്നു. ഈ ധാർഷ്ട്യം നിറഞ്ഞ മുദ്രാവാക്യവും പ്രചാരണവും ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും സിപിഐ കൗൺസിലിൽ അംഗങ്ങൾ വിമർശിച്ചു.
അതുപോലെ സംസ്ഥാന സെക്രട്ടറി പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നത് വിനയാവുന്നു. എംവി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വൻ പ്രതിഷേധം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിട്ടും പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലായിരുന്നു ഈ പ്രതികരണം. സെക്രട്ടറി പറയേണ്ടതുമാത്രം പറഞ്ഞാൽ മതി. ഇക്കാര്യത്തിൽ കാനം രാജേന്ദ്രനെ മാതൃകയാക്കണമെന്നും സിപിഐ അംഗങ്ങൾ പറഞ്ഞു.
പിഎം ശ്രീ കരാർ ഒപ്പിട്ടത് ഉയർത്തിക്കാട്ടി എൽഡിഎഫ്- ബിജെപി ഡീൽ ആണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചു. ഇത് ന്യൂനപക്ഷങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി. പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്‌ദാനം നിറവേറ്റാത്തത് സർക്കാർ ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ടാക്കി. നെല്ലുസംഭരണത്തിലെ പ്രശ്നങ്ങൾ കർഷകരെയും അകറ്റി. പരമ്പരാഗത മേഖലകളെ തഴഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും കൗൺസിലിൽ വിമർശനം ഉയർന്നു. യോഗം ഇന്നും തുടരും.


















































