ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതി, യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ മൊജ്താബയുടെ മുഖത്ത് ഗുരുതരമായ മുറിവുകളും കാലുകളിൽ പരിക്കുകളും ഉണ്ടായിയെന്നാണ് വിവരം. അതേ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതും.
മുഖത്തും കാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും, അദ്ദേഹം മനശക്തി കൈവിട്ടിട്ടില്ലെന്നും ഭരണകാര്യങ്ങളിലും നിർണായക തീരുമാനങ്ങളിലുമുള്ള പങ്കാളിത്തം തുടരുന്നുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണത്തിന്റെ ആഘാതം മൂലം മുഖത്ത് സംഭവിച്ച മാറ്റങ്ങൾ സ്ഥിരമായ വിധമാണെന്നുള്ള സൂചനകളും വരുന്നുണ്ട്. എങ്കിലും ചികിത്സയ്ക്കുശേഷം അദ്ദേഹം ക്രമേണ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരിട്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനാകാത്ത സാഹചര്യത്തിൽ, ശബ്ദസമ്പർക്ക സംവിധാനങ്ങളിലൂടെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നുവെന്നാണ് വിവരം.
അതേസമയം, പരമോന്നത നേതാവായി ചുമതലയേറ്റതിനു ശേഷം ഇതുവരെ മൊജ്താബയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ശബ്ദസന്ദേശങ്ങളോ പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പരിക്കുകളുടെ യഥാർത്ഥ ഗൗരവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമല്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പേരിൽ പ്രസ്താവനകൾ ഇറാൻ അധികൃതർ ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്.
















































