വാഷിംഗ്ടൺ: ഇറാനെതിരെ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കയ്യിൽ നിന്നും ദിശമാറിപ്പോയെന്ന് വിലയിരുത്തൽ ശക്തമാകുന്നു. ആഗോള എണ്ണവില ഉയരുന്നത്, കൂട്ടാളി രാജ്യങ്ങൾ അകന്നു നിൽക്കുന്നത്, കൂടുതൽ സൈനികരെ വിന്യസിക്കേണ്ടി വരുന്നത് എന്നിവ യുദ്ധം നിയന്ത്രണാതീതമാകുന്നതിന്റെ സൂചനകളായി കാണപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹകരിക്കാത്തതിന്റെ കുറ്റം നാറ്റോ രാജ്യങ്ങളുടെ തലയിലാണ് ട്രംപ് ഇടുന്നത്. “ഭീരുക്കൾ” എന്ന് വിളിച്ചു കളിയാക്കിയെങ്കിലും പല രാജ്യങ്ങളും കക്ഷി ചേരാൻ വരാതായതോടെ ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, എന്ത് ചെയ്തിട്ടും അമ്മാത്തേക്ക് അങ്ങട് എത്തുന്നുമില്ല എന്ന അവസ്ഥയാണ്. എന്നാൽ യുദ്ധം “സൈനികമായി വിജയിച്ചു” എന്ന അദ്ദേഹത്തിന്റെ അവകാശവാദം യാഥാർത്ഥ്യവുമായി ഒരു പൊരുത്തപ്പെടുന്നില്ലെന്നാണ് നിരീക്ഷണം. മാത്രമല്ല മറുസൈഡിൽ ഇറാൻ ഗൾഫ് മേഖലയിലെ എണ്ണ-വാതക വിതരണം തടസപ്പെടുത്തുകയും പ്രദേശത്ത് മിസൈൽ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നുമുണ്ട്.
അതുപോലെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമൂസ് ഇപ്പോൾ സംഘർഷത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ ഉണ്ടാകുന്ന അസ്ഥിരത ആഗോള ഊർജ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുണ്ട്.
“ഇറാൻ യുദ്ധം എന്നൊരു ചട്ടക്കൂട് ട്രംപ് തന്നെ സൃഷ്ടിച്ചു, പക്ഷേ അതിൽ നിന്ന് പുറത്തേക്ക് വരാൻ വഴികാണുന്നില്ല,” എന്നാണ് മുൻ മിഡിൽ ഈസ്റ്റ് നയതന്ത്രജ്ഞൻ ആരോൺ ഡേവിഡ‍് മുള്ളർ അഭിപ്രായപ്പെട്ടത്. അതേസമയം, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഈ വിലയിരുത്തലിനെ തള്ളിക്കളഞ്ഞു. ഇറാന്റെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതും നാവികസേനയെ തകർത്തതും മിസൈൽ ശേഷി കുറഞ്ഞതും സൈനിക വിജയം തന്നെയാണെന്നാണ് അവരുടെ വാദം.
കൃത്യമായ എക്സിറ്റ് പ്ലാനില്ല
ഈ യുദ്ധത്തിന് വ്യക്തമായ എക്സിറ്റ് പ്ലാൻ ഇല്ലാത്തത് ട്രംപിന്റെ രാഷ്ട്രീയ ഭാവിക്കും ബാധകമാകുമെന്ന് വിലയിരുത്തലുകളും ഒരു സൈഡിൽ നിന്ന് ഉയരുന്നുണ്ട്. നവംബർ ഇടക്കാല തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് റിപ്പബ്ലിക്കൻ പാർട്ടി പ്രതിരോധ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. അമേരിക്കയുടെ പരമ്പരാഗത സഖ്യങ്ങളെ കുറിച്ച് ട്രംപ് സ്വീകരിച്ച സമീപനം തന്നെയാണ് ഇപ്പോൾ കൂട്ടാളികളുടെ പിന്തുണ കുറയാൻ കാരണമായതെന്ന വിലയിരുത്തലും ശക്തമാണ്. ഇസ്രായേലുമായി പോലും ചില കാര്യങ്ങളിൽ ഭിന്നതകൾ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സൈനികമായി മുന്നോട്ട് പോകുകയോ, വിജയമെന്ന് പ്രഖ്യാപിച്ച് സ്വയം പിന്മാറുകയോ ചെയ്യുക എന്ന രണ്ടു വഴികളാണ് ഇപ്പോൾ ട്രംപിനു മുന്നിലുള്ളത്. എന്നാൽ ഏത് വഴിയും അപകടസാധ്യതകളില്ലാത്തതല്ല. യുദ്ധം നീണ്ടുപോയാൽ അമേരിക്കൻ ജനാഭിപ്രായം പ്രതികൂലമാകാനും സാധ്യതയുണ്ട്.
അതേസമയം ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിൽ ഇറാൻ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ശേഷിക്കുന്ന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങളെ ആക്രമിക്കുകയും ഹോർമുസ് കടലിടുക്കിലെ ഗതാഗതം വലിയ തോതിൽ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഘർഷം കൂടുതൽ നീണ്ടാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ അമേരിക്കയ്ക്കുള്ളിലും ശക്തമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന ഇന്ധനവിലയും സൈനിക വിന്യാസവും ട്രംപിന്റെ രാഷ്ട്രീയ പിന്തുണയെ പോലും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

















































