ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഇന്ത്യ ബോധപൂർവം പ്രളയമുണ്ടാക്കുകയാണെന്ന പാക്ക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പാടെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത്തരം ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നത് വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ജമ്മുവിലും സമീപത്തെ വൃഷ്ടിപ്രദേശങ്ങളിലും പെയ്ത അതിശക്തമായ മൺസൂൺ മഴയുടെ സ്വാഭാവിക പ്രതിഫലനം മാത്രമാണ് ചെനാബ് നദിയിലെ ജലപ്രവാഹം വർധിക്കാൻ കാരണമെന്ന് രൺധീർ ജയ്‌സ്വാൾ വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പ്രകൃതിദത്ത പ്രതിഭാസത്തെ ഇന്ത്യയുടെ ഇടപെടലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സാങ്കേതികമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയാണ് ചെനാബ് നദിയിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന് പാക്കിസ്ഥാന്റെ സ്വന്തം ഫ്ലഡ് ഫോർകാസ്റ്റിങ് ഡിവിഷൻ ജൂലൈ 22ന് പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്ന പാക്ക് മാധ്യമങ്ങളുടെ ആരോപണങ്ങളും രൺധീർ ജയ്സ്വാൾ തള്ളിക്കളഞ്ഞു. ഈ കാലയളവിലെ ജലപ്രവാഹം പ്രത്യേക പ്രളയ മുന്നറിയിപ്പുകൾ നൽകേണ്ടത്ര അസാധാരണമായ അളവിൽ എത്തിയിരുന്നില്ല. സാധാരണ മൺസൂൺ സമയത്തുണ്ടാകുന്ന ജലനിരപ്പ് മാത്രമാണിത്. വിവരങ്ങൾ ബോധപൂർവം മറച്ചുവച്ചു എന്ന വാദം തെറ്റാണെന്നും ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ വർഷം പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധുനദി ജലകരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതോടൊപ്പം ഭീകരവാദത്തിനുള്ള പിന്തുണ പാക്കിസ്ഥാൻ പൂർണമായും അവസാനിപ്പിക്കുന്നത് വരെ കരാർ നിർത്തിവച്ച നടപടി തുടരുമെന്ന് രൺധീർ ജയ്സ്വാൾ ആവർത്തിച്ചു. മാനുഷിക പരിഗണന മുൻനിർത്തി പ്രളയവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴി കൈമാറുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

















































