ദുബായ്: ഇറാന് ശക്തമായ ഭീഷണിയുമായ് യുഎസ് പ്രസിഡന്റ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുദ്ധം നിർത്താൻ ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ താൻ അതിനില്ലെന്നും അദ്ദേഹം പറഞ്ഞു , ഷെഡ്യൂളിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നതിന് ആഴ്ചകൾക്ക് മുമ്പേ നേടിക്കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് ശനിയാഴ്ച യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇറാന്റെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ സംഭരണശാലകളെല്ലാം ബോംബിട്ട് തകർത്തതോടെയാണ് ഇത് സാധ്യമായതെന്നാണ് സെൻട്രൽ കമാൻഡ് പറഞ്ഞത്. അതേസമയം, ഈ ആക്രമണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് നിർത്തണമെന്നും കടലിലുടക്ക് തുറക്കണമെന്നും ഇറാനോടാവശ്യപ്പെട്ടുകൊണ്ട് 22 രാജ്യങ്ങൾ സംയുക്തപ്രസ്താവനയിറക്കി. യു.എ.ഇ., ബഹ്റൈൻ, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പിട്ടു. അതിനിടെ, ഹോർമുസിലൂടെ ജപ്പാൻ കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ അറിയിക്കുകയുണ്ടായി.















































