കണ്ണൂർ: നുണപറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാനാകില്ലെന്ന് സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ. നുണപറഞ്ഞാൽ അൽപനേരത്തേക്ക് നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരിക്കും. പക്ഷേ, സത്യം അതിഭീകര രൂപംപൂണ്ട് പുറത്തേക്കുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റേത് പാർലമെന്ററി വ്യാമോഹമാണെന്ന ആരോപണത്തിനും ടി.കെ. ഗോവിന്ദൻ മറുപടി നൽകി.
മത്സരിക്കണമെന്നോ എംഎൽഎ ആകണമെന്നോ ഉള്ള ഒരു ആഗ്രഹവും ഉണ്ടായിട്ടല്ല എന്റെ പ്രതിഷേധം. ഈ അനീതിക്കെതിരായിട്ടുള്ള പ്രതിഷേധമാണ്. നിരവധി തിരഞ്ഞെടുപ്പുകളുടെ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. കെ.കെ. രാഗേഷ് അടക്കമുള്ളവരുടെ തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ആ ഘട്ടങ്ങളിലൊന്നും എംഎൽഎ ആകണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം സ്ഥാനാർഥി ആകാനുള്ള ആഗ്രഹം മാത്രമല്ല, അടുപ്പക്കാർക്കും പദവികൾ നൽകുന്നതും പാർലമെന്ററി വ്യാമോഹമാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്.
ഇത് ഗോവിന്ദൻ മാസ്റ്റർക്ക് ബാധകമാണ്. മൂന്ന് തവണ എംഎൽഎ ആയശേഷം നാലാം തവണ ഭാര്യയെ സ്ഥാനാർഥിയാക്കുന്ന ഗോവിന്ദൻ മാസ്റ്ററുടേത് പാർലമെന്ററി വ്യാമോഹമല്ലേയെന്നും ടി.കെ ഗോവന്ദൻ ചോദിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഒരുമിച്ച് എതിർപ്പ് പ്രകടിപ്പിച്ച ആളെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം, പാർട്ടിക്ക് ജനാധിപത്യം ഉണ്ടെങ്കിൽ പുനഃപരിശോധിക്കണമായിരുന്നു. അങ്ങനെചെയ്തിരുന്നെങ്കിൽ എം.വി ഗോവിന്ദൻ മാഷുടെ അന്തസ്സ് നൂറുമടങ്ങ് ഉയരുമായിരുന്നു. ഗോവിന്ദൻ മാഷുടെ താൽപര്യത്തിന് ജില്ലാ സെക്രട്ടറി വഴങ്ങുകയായിരുന്നെന്നും ടി.കെ ഗോവിന്ദൻ ആരോപിച്ചു.
















































