ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 കാരനായ ഖമനേയിയുടെ മരണം ഇറാനെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് വീഴ്ത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്.
പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ആസ്ഥാനത്തേക്ക് ഉടനെ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്ഥാനാരോഹണത്തിന് അനുകൂലമായ സമയമല്ല ഇപ്പോൾ. യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്ന സമയത്ത് താത്കാലികമായി മറ്റൊരാളെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ഖമനേയിയുടെ മകൻ മൊജ്തബ ഖമേനി, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖമനേയിയുടെ ചെറുമകൻ ഹസ്സൻ ഖമനേയി എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സാദിഖ് ലാറിജാനി, മൊഹ്‌സെൻ അരാക്കി, അഹമ്മദ് ഖതാമി തുടങ്ങിയ മുതിർന്ന പണ്ഡിതന്മാരും പരിഗണനയിലുണ്ട്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക അധികാരം 88 അംഗ മുതിർന്ന മതപണ്ഡിതന്മാർ അടങ്ങുന്ന’അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സി’നാണ്. എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്‌സിന്റെ നിലപാടുകൾ പുതിയ നേതാവിനെ കണ്ടെത്തുന്നതിൽ നിർണ്ണായകമാകും. നിലവിൽ അലി ഖമനേയിയെപ്പോലെ സർവ്വസമ്മതനായ മറ്റൊരു നേതാവില്ലാത്തത് അധികാര കൈമാറ്റത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
ഖമനേയിയുടെ ശക്തമായ നേതൃത്വത്തിന് കീഴിലായിരുന്ന ഇറാനിലെ മതഭരണകൂടം പെട്ടെന്നുള്ള ആഘാതത്തെ എങ്ങനെ അതിജീവിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഖമനേയിയുടെ മരണത്തിനോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇസ്രയേലും യുഎസും നിരീക്ഷിക്കുന്നത്. അതിനനുസരിച്ചാകും തുടർ നീക്കങ്ങൾ. ഈ ആഴ്ച മുഴുവൻ ആക്രമണം ഉണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഖമനേയിയെ കൂടാതെ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (IRGC) കമാൻഡർ മുഹമ്മദ് പക്പൂർ ഉൾപ്പെടെ ഏഴ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. ടെഹ്റാനിലുടനീളം വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായും മുപ്പതോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. യുഎസിന്റെയും ഇസ്രയേലിന്റെയും 200 യുദ്ധവിമാനങ്ങളാണ് ഇറാനിലെമ്പാടും ആക്രമണം നടത്തിയത്.
ഇറാന്റെ സൈനിക കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്ന റെവല്യൂഷണറി ഗാർഡ്‌സിലെ പല പ്രമുഖരും കൊല്ലപ്പെട്ടത് രാജ്യത്തിന്റെ ആഭ്യന്തര അധികാര സന്തുലിതാവസ്ഥയെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. റെവല്യൂഷണറി ഗാർഡ്‌സ് ഇറാന്റെ രാഷ്ട്രീയത്തിലും ലോക വ്യവഹാരങ്ങളിലും വലിയ സ്വാധീനമുള്ള വിഭാഗമായതിനാൽ, അവരുടെ നേതൃത്വത്തിനുണ്ടായ ഈ തകർച്ച വരും ദിവസങ്ങളിൽ ഇറാന്റെ ഭരണസ്ഥിരതയെ ബാധിച്ചേക്കാം. ഇത്രയും മുതിർന്ന കമാൻഡർമാരെ കൃത്യമായി ലക്ഷ്യം വെച്ച് വധിക്കപ്പെട്ടത് ഇറാന്റെ ഇന്റലിജൻസിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


















































