രാജ്‌കോട്ട്: ഗുജറാത്തില്‍ 23-കാരനെ മാതാപിതാക്കൾ കൊലപ്പെടുത്തി. റാം ബാബുഭായ് ബംഭാവയാണ് മരിച്ചത്. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിലാണ് സംഭവം. ബംഭാവയുടെ ഭാര്യക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ ഇയാളുടെ അച്ഛൻ ബാബുഭായ്, അമ്മ മനീഷാബെൻ എന്നിവരെ അറസ്റ്റ് ചെയ്തു. ജൂൺ 30-നാണ് റാം ബാബുഭായ് ബംഭാവ കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ആത്മഹത്യാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിൽ ഭാര്യ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് അന്വേഷണം മാതാപിതാക്കളിലേക്ക് തിരിഞ്ഞത്. റാം മദ്യത്തിന് അടിമയായിരുന്നു. മദ്യപാനത്തെ ചൊല്ലി വീട്ടിൽ വഴക്കും പതിവായിരുന്നു. സംഭവം നടന്ന ദിവസവും മദ്യപാനത്തെചൊല്ലി മാതാപിതാക്കളുമായി തർക്കമുണ്ടായി. തർക്കത്തിനിടെ മാതാവ് റാമിനെക്കൊണ്ട് ബലമായി ആസിഡ് കുടിപ്പിക്കുകയും പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കുറ്റകൃത്യം മറച്ചുവെക്കാനും ആത്മഹത്യയായി ചിത്രീകരിക്കാനും, പിതാവായ ബാബുഭായ് പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സംശയങ്ങൾക്ക് ഇടനൽകാതെ ഗോണ്ടൽ സിവിൽ ഹോസ്പിറ്റലിൽ വെച്ച് വേഗത്തിൽ പോസ്റ്റ്‌മോർട്ടം നടത്താൻ അധികാരികളിൽ സമ്മർദം ചെലുത്തുന്നതിനായി അദ്ദേഹം നിരവധി പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. വിഷം ഉള്ളിൽച്ചെന്നതും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.


















































