ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, 15-കാരനായ പ്രതിഭയായ വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുകയാണ്. അയർലണ്ടിനെതിരായ രണ്ടുമത്സര പരമ്പരയ്ക്ക് ടീമിൽ ഇടം നേടിയിരുന്നെങ്കിലും, പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാതെ പോയ സൂര്യവംശിക്ക് ഇംഗ്ലണ്ട് പരമ്പരയിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതിനിടെ 1983 ലോകകപ്പ് ജേതാവായ ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്, സൂര്യവംശിയുടെ കഴിവിനെ പ്രശംസിച്ചെങ്കിലും, താരത്തെ അതിയായി ഉയർത്തിക്കാട്ടുന്നതിൽ ജാഗ്രത വേണമെന്നു പറഞ്ഞു. ടി20 ഫോർമാറ്റിൽ സൂര്യവംശിയുടെ കഴിവ് സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും തുല്യമാണെന്ന് കപിൽ ദേവ് അഭിപ്രായപ്പെട്ടു. എന്നാൽ ഏകദിന- ടെസ്റ്റ് ഫോർമാറ്റുകളിൽ താരത്തിന് ഇനിയും തെളിയിക്കാനുള്ളത് ഏറെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവനെ അധികം കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ വലിയ പ്രതിഭയാണെന്നത് സംശയമില്ല. ഇപ്പോൾ നമ്മൾ അവനെ കുറിച്ച് വളരെ വലിയ രീതിയിൽ സംസാരിക്കുകയാണ്. കുറച്ച് സമയം കൊടുക്കണം. അധികമായി ഹൈപ്പ് ചെയ്യരുത്. ഇത്തരമൊരു പ്രായത്തിൽ എല്ലാം മനസിലാക്കാൻ കഴിയില്ല,” കപിൽ ദേവ് പറഞ്ഞു.
“പ്രതിഭയുടെ കാര്യത്തിൽ പറഞ്ഞാൽ, ടി20യിൽ സച്ചിനും കോഹ്ലിക്കും തുല്യമായ കഴിവ് വൈഭവിൽ കാണുന്നു. പക്ഷേ മറ്റു ഫോർമാറ്റുകളിൽ അവൻ ഇനിയും തന്റെ മികവ് തെളിയിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യവംശി തയ്യാറാണെങ്കിൽ പ്രായം കണക്കാക്കാതെ അവസരം നൽകണമെന്ന് കപിൽ ദേവ് നിർദേശിച്ചു. ഇത്ര ചെറുപ്പത്തിൽ ഇത്തരമൊരു സ്വാധീനം ചെലുത്തുന്ന കളിക്കാരെ കണ്ടെത്തുന്നത് അപൂർവമാണ്. സച്ചിനെക്കുറിച്ചും നാം ഒരിക്കൽ ഇതുപോലെ തന്നെയായിരുന്നു ചിന്തിച്ചത്. വൈകിപ്പോകുമോ എന്ന പേടിയും ഉണ്ടായിരുന്നു. അവൻ തയ്യാറാണെങ്കിൽ, പ്രായമല്ല കഴിവാണ് കണക്കാക്കേണ്ടത്,” എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരം മഴ കാരണം റദ്ദാക്കപ്പെട്ടിരുന്നു. ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ നടന്ന ആ മത്സരം പൂർത്തിയാക്കാനായില്ല. ശനിയാഴ്ചയാണ് രണ്ടാം മത്സരം.
















































