കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകിയതായി വിവരം. കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് തുടർനടപടികൾക്കായി അപേക്ഷ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് ആനക്കൊമ്പുകൾ
മോഹൻലാൽ സറണ്ടർ ചെയ്യാൻ തയ്യാറായത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പരിശോധനയും നടത്തി.
മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ നിർമിച്ച 13 കരകൗശല വസ്തുക്കൾക്കും നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് കോടതി വിലയിരുത്തിയത്.
അതേസമയം, വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം ആവശ്യമായ സാഹചര്യങ്ങളിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൈവശമുള്ള വന്യജീവി ഉൽപന്നങ്ങൾ വെളിപ്പെടുത്തി നിയമപരമായ സംരക്ഷണം നേടുന്നതിനായി വ്യക്തികൾക്ക് അവസരം നൽകുന്ന വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
2011 ഓഗസ്റ്റിൽ കൊച്ചിയിലെ തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് 2016-ൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥാവകാശം മോഹൻലാലിന് അനുവദിച്ചിരുന്നു. എന്നാൽ ആ ഉത്തരവിന്റെ നിയമസാധുത പിന്നീട് കോടതി റദ്ദാക്കുകയായിരുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് ഉൾപ്പെടെയുള്ള വന്യജീവി ഉൽപന്നങ്ങൾ കൈവശം വയ്ക്കാൻ അനുമതിയില്ല. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാർ ഇളവ് അനുവദിക്കാൻ വ്യവസ്ഥയുള്ളത്. നിലവിൽ മോഹൻലാലിന്റെ അപേക്ഷയിൽ വനംവകുപ്പിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്.

















































