ഡെറാഡൂൺ: ഒരു വർഷം മുമ്പ് ജോലിക്ക് നിന്ന വീട്ടില്‍ നിന്നും തങ്കവും വൈരവുമടങ്ങിയ ആഭരണങ്ങൾ മോഷ്ടിച്ച് റീല്‍സിട്ട് മുന്‍ ജോലിക്കാരി. ഈ ആഭരണങ്ങൾ അണിഞ്ഞ് ഇൻസ്റ്റാഗ്രാം റീൽസിലും വാട്സാപ്പ് സ്റ്റാറ്റസിലും വീഡിയോ പങ്കുവച്ചതോടെയാണ് വീട്ടുടമസ്ഥ കയ്യോടെ പിടിച്ചത്. ഇതോടെയാണ് ഡെറാഡൂണിൽ നടന്ന വൻ കവർച്ചാ കേസിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ ഭാഗീരഥി പുരം സ്വദേശി വിമല ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂൺ ഐടി പാർക്കിന് സമീപമുള്ള സിക്ക കിമയ ഗ്രീൻ നിവാസിയായ നിതീഷ വത്സ് എന്ന യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീലുകളിലെ ആഭരണങ്ങൾ തിരിച്ചറിഞ്ഞ് യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
10 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് മോതിരങ്ങൾ, സ്വർണ്ണ മാല, ഡയമണ്ട് ലോക്കറ്റ് എന്നിവയായിരുന്നു കാണാതായത്. വീട്ടുജോലിക്കാരിയെ തനിക്ക് സംശയമുണ്ടായിരുന്നതായും എന്നാൽ അന്ന് കുറ്റം സമ്മതിച്ചിരുന്നില്ലെന്നും തന്റെ കൂടെ പരാതി നൽകാൻ സ്റ്റേഷനിൽ വന്നിരുന്നതായും നിതീഷ വത്സ് പൊലീസിനോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സീനിയർ സൂപ്രണ്ട് പ്രമേന്ദ്ര ഡോഭാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയിൽ നിന്നും ഡയമണ്ട് നെക്ലേസ്, സ്വർണ്ണ ലോക്കറ്റ്, രണ്ട് സ്വർണ്ണ മോതിരങ്ങൾ, ഒരു സ്വർണ്ണ പെൻഡന്റ് ഒരു മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. ആഭരണങ്ങൾ പലതവണ വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മോഷണത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.


















































