ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെക്കുറിച്ച് തമിഴ്‌നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർസെൽവം നടത്തിയ പരാമർശം വിവാദമാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ ഹിന്ദി മാത്രം പഠിക്കുന്നുവെന്നും അതിനാൽ തുച്ഛമായ പ്രതിഫലം ലഭിക്കുന്ന ജോലികളിൽ ഒതുങ്ങുന്നതായും ദ്വിഭാഷാപഠന സംവിധാനമുള്ള തമിഴ്നാട്ടുകാർ വിദേശരാജ്യങ്ങളിൽ ജോലി സമ്പാദിക്കുന്നുവെന്നും പനീർസെൽവം പറഞ്ഞു. “വടക്ക് നിന്നുള്ളവർ തമിഴ്‌നാട്ടിൽ മേശ തുടയ്ക്കാൻ വരുന്നു. അവർ ഇവിടെ നിർമ്മാണ തൊഴിലാളികളാകുന്നു.
പാനി പൂരി വിൽക്കാൻ വരുന്നു, കാരണം അവർ ഹിന്ദി മാത്രം പഠിച്ചു, എന്നാൽ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോയിട്ടുണ്ട്… ഞങ്ങൾ രണ്ട് ഭാഷാ നയം പിന്തുടരുന്നതിനാൽ ഇംഗ്ലീഷ് നന്നായി പഠിച്ചു. അവർ വിദേശത്തേക്ക് പോകുകയും കോടികൾ സമ്പാദിക്കാനുള്ള അവസരങ്ങൾ നേടുകയും ചെയ്യുന്നു… യുഎസ്എ, ലണ്ടൻ എന്നിവിടങ്ങളിൽ.” മന്ത്രി പറഞ്ഞു.
സർക്കാർ ആരെയും ഹിന്ദി സംസാരിക്കുന്നത് തടയില്ലെന്നും സംസ്ഥാനത്തെ വലിയ ജർമ്മൻ, ജാപ്പനീസ് ജനസംഖ്യയെക്കുറിച്ചു കഴിഞ്ഞ മാസം വ്യവസായ മന്ത്രി ടി.ആർ.ബി. രാജാ ഭാഷാസംബന്ധമായി പ്രതികരിച്ചിരുന്നു. വിദേശികൾക്കെല്ലാം തമിഴ്‌നാട്ടിൽ സന്തോഷം കണ്ടെത്താൻ കഴിയുമെന്നും എന്നാൽ ഹിന്ദി സംസാരിക്കുന്ന സുഹൃത്തുക്കൾക്ക് എന്തുകൊണ്ട് കഴിയില്ലെന്നും താൻ അത്ഭുതപ്പെടുന്നതായി രാജ പറഞ്ഞു. അതേസമയം, തമിഴിനെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













































