കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചിക്കാതെ ഗേറ്റ് പൂട്ടിയതായി പരാതി. സംഭവത്തിൽ കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പോലീസിൽ പരാതി നൽകിയത്. ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി തടഞ്ഞത്. പിന്നാലെ സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.
ഇതോടെ ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാനാധ്യാപിക പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. ഇതിനു മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക പറഞ്ഞു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.
സ്കൂളിലെ പ്രധാനാധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ അമ്പലക്കര സുരേഷ് വ്യക്തമാക്കുന്നു. അതേസമയം സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് 2008 ഫെബ്രുവരി 4ന് കേരള സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.














































