കോഴിക്കോട്: ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും വിജയം ഉറപ്പാണെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് . നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ബേപ്പൂരിലേത്. അൻവറിൻ്റെ ഉടമസ്ഥതയിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
ബേപ്പൂരിൽ മുൻപേ തന്നെ അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അൻവർ ബേപ്പൂരിൽ സജീവമായത്. മണ്ഡലത്തിൽ അൻവറിൻ്റ ഫ്‌ളക്‌സും ബോർഡുകളും ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ അൻവർ പ്രചരണം കൂടുതൽ വ്യാപകമായിരിക്കുകയാണ്.
ബേപ്പൂരിലും കേരളമൊന്നാകെയും എൽഡിഎഫിനെതിരെ സുനാമി അടിക്കുമെന്ന് പിവി അൻവർ പറഞ്ഞു. രാവിലെ ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിച്ച അൻവർ മത്സ്യതൊഴിലാളികളുമായി സംവദിച്ചു. മണ്ഡലത്തിലെ സിറ്റിംഗും മന്ത്രിയുമായ റിയാസിനെതിരെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തിൽപോലും പറയാറില്ല, ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അൻവർ വിമർശിച്ചു.
‘മരുമോനായതിൻ്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദൻ്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിൻ്റെ പുതുയുഗ യാത്രയിലൂടെ എംവി ഗോവിന്ദൻ്റെ ജാഥയിലെ അവകാശവാദങ്ങളെല്ലാം പൊളിയും’ പി വി അൻവർ പറഞ്ഞു.

















































