ബജറ്റിൽ കേരളത്തിനെന്തു കിട്ടി? വോട്ടുചോദിച്ചിറിങ്ങുമ്പോൾ തിരിച്ചൊരു മറു ചോദ്യമുണ്ടായാൽ കൈ മലർത്തി കാണിക്കേണ്ട അവസ്ഥയിൽ ബിജെപി സംസ്ഥാന നേതൃത്വം!! ആലപ്പുഴയുടെ ദയനീയ അവസ്ഥ വിളിച്ചു പറഞ്ഞ് എങ്ങനെ കയ്യടി വാങ്ങും? എയിംസ് എന്ന പേരിൽ ഇനി കടിച്ചുതൂങ്ങാനാകാതെ സുരേഷ് ഗോപി എംപി, ബജറ്റിൽ മുങ്ങിപ്പോയത് ഇലക്ഷനു കളത്തിലിറക്കാനുള്ള ബിജെപിയുടെ തുറുപ്പ്ചീട്ട്തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ അക്ഷരാർഥത്തിൽ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നു പറയാം. ബജറ്റ് മുന്നിൽ കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന തന്ത്രമാണ് കേന്ദ്രം തന്നെ പൊളിച്ച് കയ്യിൽ കൊടുത്തത്. ഇനി വോട്ടു ചോദിച്ചിറങ്ങുമ്പോൾ കേരളത്തിനെന്തു കിട്ടിയെന്ന മറു ചോദ്യമുണ്ടായാൽ ഉത്തരംമുട്ടും ബിജെപി നേതൃത്വത്തിന്. അതിവേഗ റെയിൽ, എയിംസ് എന്നിവയുൾപ്പെടെ കേരളം കാത്തിരുന്ന വലുതും ചെറുതുമായ പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാതിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ബിജെപിക്ക് തിരിച്ചടിയാവുമെന്ന ആശങ്ക നേതാക്കൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
പോരാത്തതിന് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്താൽ പറയുന്നത് ആലപ്പുഴയുടെ ദയനീയാവസ്ഥയുമാണ്. ഇനി അതിനേപ്പറ്റി ഒരക്ഷരം മിണ്ടാനാകാത്ത അവസ്ഥയാണ്. വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലങ്ങളെ വിവിധ ക്ലാസുകളാക്കി തിരിച്ച്മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപിക്ക് വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പറ്റിയതൊന്നും മന്ത്രി നിർമലാ സീതാരാമൻ കേരളത്തിനുവേണ്ടി യ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പ്രഖ്യാപനമല്ല പ്രധാനമെന്നും ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം 12,000 കോടി കൂട്ടി മുപ്പത്തിയാറായിരം കോടി രൂപയാക്കിയതിനെപ്പറ്റി ആരും പറയുന്നില്ലെന്നുമാണ് ബിജെപിയുടെ മറുവാദം. പക്ഷെ അതു കേരളത്തിൽ വിലപ്പോവില്ലെന്നു മാത്രം.
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബജറ്റിൽ വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ട്. അത്രയൊന്നുമില്ലെങ്കിലും കേരളത്തിന് എന്തെങ്കിലും കിട്ടേണ്ടതല്ലേയെന്നതാണ് ചോദ്യം. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്നു മന്ത്രി നിർമലാ സീതാരാമൻ ബോധപൂർവം മറന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ കുറ്റപ്പെടുത്തൽ.
യുപിഎ സർക്കാരിൻ്റെ കാലംമുതൽ കേൾക്കാൻ തുടങ്ങിയതാണ് കേരളത്തിലെ എയിംസ്. സ്ഥലം ഏറ്റെടുക്കൽ ആയില്ലെന്ന മുട്ടാപ്പോക്ക് ന്യായം ഉന്നയിക്കുകയാണ് ഇപ്പോൾ ബിജെപി. കേരളം ദീർഘകാലമായി ചർച്ച ചെയ്യുന്നതാണ് കെ- റെയിലും അതിവേഗ റെയിൽപ്പാതയും ശബരി റെയിൽപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികൾ. കെ- റെയിൽ വിട്ട് ഏറ്റവുമൊടുവിൽ കേരളം അതിവേഗ റെയിലിൽ എത്തിയെങ്കിലും പ്രതീക്ഷകൾക്ക് തിരിച്ചടിയായി ബജറ്റ്. സംസ്ഥാനത്തെ കുറ്റപ്പെടുത്തിയുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ ബജറ്റ് പ്രതികരണത്തിൽപ്പോലും ഒന്നും കിട്ടാത്തതിൻ്റെ നിരാശ നിഴലിക്കുന്നതിനാൽ ആവേശം ഒട്ടുമില്ലായിരുന്നു.
മാത്രമല്ല തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം പിടിച്ചത് കേരളത്തിൽ മാറ്റത്തിന്റെ സൂചനയാണെന്നും ഗുജറാത്ത് മോഡൽ ആകുമെന്നുമാണ് മോദിയും അമിത്ഷായും തലസ്ഥാനത്തെത്തിയപ്പോൾ തള്ളി മറിച്ചത്. തലസ്ഥാന ഭരണം പിടിച്ച മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ച് മടങ്ങുമ്പോൾ കേരളത്തിന്റെ പ്രതീക്ഷ ബജറ്റിലായിരുന്നു, പക്ഷെ വെറും തള്ള് മാത്രമാണെന്ന് ബജറ്റ് പ്രഖ്യാപനം കഴിഞ്ഞപ്പോഴാണ് അണികൾക്ക് വ്യക്തമായത്.
















































