തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുണ്ടായ വിവാദത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ ആശങ്കകൾ അറിയിച്ചെന്നും ഉടൻ വി.ഡി. സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
അലോഷ്യസിനെ വി.ഡി. സതീശൻ അവഗണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. മറ്റൊരു ഔദ്യോഗിക പരിപാടിയിലായിരുന്നതിനാലാണ് അലോഷ്യസിനെ കാണാൻ കഴിയാതിരുന്നതെന്നാണ് വി.ഡി. സതീശൻ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ട തിരക്കിലായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തെ അനാവശ്യ വിവാദമാക്കേണ്ടതില്ലെന്നാണ് അലോഷ്യസ് സേവ്യറുടെ പ്രതികരണം. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഈ വിഷയം കാണാതെ പോകില്ലെന്നും അദ്ദേഹത്തിന്റെ തിരക്കുകൾ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “കെ.എസ്.യു–സതീശൻ പോര്” എന്ന തരത്തിലുള്ള പ്രചാരണത്തിൽ താൽപര്യമില്ലെന്നും വിഷയം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കാണരുതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. എല്ലാവരുടെയും പ്രതികരണങ്ങൾക്ക് മറുപടി പറയുക തന്റെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































