കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയിട്ടുള്ള പൊലീസ് ജീപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ സുരക്ഷാ സമിതി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് ചെന്നിത്തലയുടെ പ്രതികരണം. പിണറായി വിജയന് ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് വീടിന് മുന്നിൽ പൊലീസ് ജീപ്പ് വിന്യസിച്ചതെന്നും, അത് തുടരണമോ ഒഴിവാക്കണമോയെന്ന കാര്യം സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മയ്യിൽ പൊലീസ് സ്റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, ഓണത്തിന് മുമ്പ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു. ചെറുപുഴയിൽ സ്ഥലം ലഭ്യമാക്കിയാൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുമെന്നും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഘട്ടംഘട്ടമായി നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനത്തോടെ കേരള പൊലീസിന് പുതിയ മുഖം നൽകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച അദ്ദേഹം, കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, കണ്ണൂരിൽ കല്ലേറുണ്ടായ ശേഷം ഹർത്താലിന് പോലും അദ്ദേഹം അനുമതി നൽകിയിരുന്നില്ലെന്നും ഓർമിച്ചു.

















































