തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. നിർണായക സാങ്കേതിക രേഖകൾ പുറത്തായതോടെ ദേശീയ സുരക്ഷയെ ബാധിക്കാവുന്ന ഗുരുതര സൈബർ ഭീഷണിയാണിതെന്ന് അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
‘വേൾഡ് ലീക്‌സ്’ (World Leaks) എന്ന റാൻസംവെയർ ഹാക്കർ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കൂടംകുളം ആണവനിലയത്തിന്റെ നിർമാണ പങ്കാളികളിലൊരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ‘യോട്ട’ എന്ന മൂന്നാംകക്ഷി ഡാറ്റാ സെന്ററിന്റെ സെർവറിലായിരുന്നു ഈ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്.
ഹാക്കർമാർ കൈവശപ്പെടുത്തിയ ലക്ഷക്കണക്കിന് ഫയലുകളിൽ, കൂടംകുളം ആണവനിലയവുമായി നേരിട്ട് ബന്ധപ്പെട്ട 19,000-ലധികം രഹസ്യ രേഖകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡാറ്റ ചോർന്ന സംഭവം റിലയൻസ് ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ചോർന്ന രേഖകളിൽ നിർമാണത്തിലിരിക്കുന്ന മൂന്നും നാലും യൂണിറ്റുകളുടെ വെന്റിലേഷൻ, കൂളിംഗ് സംവിധാനങ്ങളുടെ എഞ്ചിനീയറിങ് ബ്ലൂപ്രിന്റുകൾ, കൺട്രോൾ റൂമിന്റെ ഫ്ലോർ പ്ലാനുകൾ, ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ, വിതരണക്കാരുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ റഷ്യയുടെ റൊസാറ്റം വികസിപ്പിച്ച ആണവ റിയാക്ടറിന്റെ പ്രധാന കോർ സാങ്കേതികവിദ്യകളോ അതീവ നിർണായക രഹസ്യങ്ങളോ ചോർന്നിട്ടില്ലെന്നത് താത്കാലിക ആശ്വാസമായി വിലയിരുത്തപ്പെടുന്നു. 2016 മുതൽ 2025-ന്റെ ആദ്യപകുതി വരെയുള്ള രേഖകളാണ് ചോർന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആണവനിലയത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ നേരിട്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, പുറത്തായ ബ്ലൂപ്രിന്റുകൾ ഉപയോഗിച്ച് സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്താനും ഭാവിയിൽ കൂടുതൽ ലക്ഷ്യബദ്ധമായ സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സാധ്യതയുണ്ടെന്ന് ‘ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ്’ പ്രതിനിധി നിക്കോളാസ് റോത്ത് മുന്നറിയിപ്പ് നൽകി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സെർട്ട്-ഇൻ (CERT-In)യും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL)യും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സൈബർ സുരക്ഷ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത്.

















































