മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെൽറ്റ്’ ചിത്രീകരത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് കൊച്ചിയിൽ നടന്നിരുന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി ഇറങ്ങിയ മോഷൻ പോസ്‌റ്റർ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞിട്ടുണ്ട്. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച നടനും സംവിധായകനും വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
ഇന്ന് നടന്ന പൂജ ചടങ്ങിൽ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേർന്ന് വിളക്ക് കൊളുത്തി. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം സ്വിച്ച് ഓൺ നിർവ്വഹിച്ചു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രവുമാണിത്. ‘കിഷ്‌കിന്ധ കാണ്ഡ’ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് നാളെ തൃശൂരിൽ തുടക്കം കുറിക്കും.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കാളീഷ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിർവ്വഹിക്കുന്നത്. ബോബി കുര്യൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സാന്ദ്ര ചന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ജിനു ജോസഫ്, ശ്രീകാന്ത് മുരളി, ജിതേഷ് റേച്ചൽ സാമുവൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിംഗ്: സൂരജ് ഇ എസ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ബോബി ആൻഡ് സഞ്ജയ്, കലാ സംവിധാനം: അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ആക്ഷൻ: രാജശേഖർ, ചീഫ് അസോസിയേറ്റ്: സാഗർ, അസോസിയേറ്റ് ഡയറക്ടർമാർ: അഫ്നാസ് ലത്തീഫ്, സംഗീത് ജോയ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷമീജ് കോയിലാണ്ടി, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: എ.എസ് ദിനേശ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


















































