കള്ളാടി: ചായ കുടിച്ചതിന്റെ പൈസ കൊടുക്കാൻ മറന്നത് കൊണ്ട് നൽകാനായി തിരികെ വന്നതായിരുന്നു. ഇതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നടന്നുവന്ന ഒരു സ്ത്രീയെ രക്ഷിക്കാനാണ് മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്. തലയൊഴികെയുള്ള തന്റെ ശരീരഭാഗം മണ്ണിനടിയിലായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പോയി രണ്ട് പേരെ രക്ഷിച്ചു. ഒപ്പം ചായകുടിച്ച് മടങ്ങിയ സഹപ്രവർത്തകരെ കാണാതായി… വയനാട് മണ്ണിടിച്ചിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തുരങ്കപാത നിർമ്മാണ പദ്ധതിയിലെ സൂപ്പർവൈസർമാരിൽ ഒരാളായ ടി കെ കുഞ്ചുവിന്റെ വാക്കുകൾ.
അവിടെയുണ്ടായത് മണ്ണിടിച്ചിലാണ്, ഉരുൾപ്പൊട്ടലല്ലെന്നും സൂപ്പർവൈസർ പറഞ്ഞു. ആദ്യം വനഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി എടുത്ത മണ്ണ് കൂട്ടിയിട്ടത് വലതുഭാഗത്താണ്. കൂട്ടിയിട്ട മണ്ണ് ടാർപോളിൻ ഇട്ട് മൂടിയിട്ടിരുന്നു. എന്നാൽ ഇടതുഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. അവിടെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. നിർമ്മാണ പ്രവർത്തി നിർത്തിവച്ചതുകൊണ്ടാണ് ജീവനക്കാർ അധികം ഉണ്ടാകാതിരുന്നത്. നിരീക്ഷണത്തിന് വേണ്ടിയുള്ള ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുഞ്ചു പറയുന്നു.
നേരത്തെ എടുത്തിട്ട മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ എഡിഎം നിർദേശം നൽകിയിരുന്നു. മണ്ണിടാൻ വില്ലേജ് ഓഫീസറുടെ സാനിധ്യത്തിൽ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. പത്താം തീയതിയിലെ മീറ്റിങ്ങിൽ മണ്ണ് മാറ്റുന്നതിൽ തീരുമാനമെടുക്കാൻ ഇരിക്കുകയായിരുന്നുവെന്നും സൂപ്പർവൈസർ കൂട്ടിച്ചേർത്തു. അതേസമയം ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കള്ളാടി മീനാക്ഷിപാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്. അഞ്ച് പേരെ കാണാതായതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
















































