മാനന്തവാടി: രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ പതിനാറുകാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരി വസ്തുക്കളും ഉപയോഗിപ്പിച്ചെന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം 12-ന് അർധരാത്രിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് മാനന്തവാടി കണിയാരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പം കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ പിടികൂടി.
രാത്രി 11 മണിയോടെ മകൾ ഉറങ്ങാൻ പോയതായാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പുലർച്ചെ ഒന്നരയോടെ ഒരു യുവാവ് ഫോണിൽ വിളിച്ച് മകൾ അപകടത്തിൽ പരിക്കേറ്റ് മാനന്തവാടി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി അറിയിച്ചപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
ആശുപത്രിയിൽ ചികിത്സയ്ക്കിടെ ലഹരിയുടെ ആഘാതത്തിൽ നിന്ന് മുക്തയായ ശേഷമാണ് ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. “ചായ കുടിക്കാൻ പോകാം” എന്ന് പറഞ്ഞാണ് പെൺസുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കിയതെന്നും പിന്നീട് യുവാക്കൾക്കൊപ്പം കൊണ്ടുപോയതായും കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
അപകടത്തിൽ കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































