തൃശൂർ: ഐ.എം വിജയനെതിരെ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ജാതിയധിക്ഷേപത്തിൽ പ്രതികരണവുമായി സാമൂഹ്യ ചിന്തകന്‍ ടി.എസ് ശ്യാംകുമാർ. മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങിൽ നിലവിളക്കിന് മുമ്പില്‍ ഐ.എം വിജയൻ ചെരുപ്പ് ധരിച്ച് നില്‍ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപ കമന്റുകൾ പുറത്തുവന്നത്. വിജയനെതിരെ നടന്നത് ലജജിപ്പിക്കുന്ന തെറിയഭിഷേകമാണെന്നും സവർണ ആചാരങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ബാബറി മസ്ജിദ് തല്ലി തകർത്ത് അവിടെ രാമക്ഷേത്രം പണിത് അവിടുത്തെ കോടിക്കണക്കിന് സ്വർണവും പണവും കൊള്ളയടിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ചില പുംഗവന്മാരാണ് നിലവിളക്ക് കൊളുത്തിയതിന് സമീപം ചെരുപ്പിട്ടതിനെ കുറിച്ച് ആചാരപ്രസംഗം നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിലവിളക്കിന് സമീപം ചെരുപ്പിടണമോ വേണ്ടയോ എന്നത് ഐ.എം വിജയന്റെ തീരുമാനമാണ്. ആധുനികമായ പാദരക്ഷ ഇല്ലാത്ത കാലത്തെ സവർണ ആചാരങ്ങൾ ഇന്ത്യയിലെ വർണബാഹ്യരായ ജനതയുടെ തലയിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഐ.എം വിജയനെ ആക്ഷേപിച്ചുകൊണ്ടുള്ള ലജജിപ്പിക്കുന്ന തെറിയഭിഷേകം.
ശബരിമലയിലെയും അയോധ്യയിലെയും സ്വർണം കട്ട സവർണരെ ആചാരത്തിന്റെ പേരിൽ ഒരിക്കൽ പോലും വിമർശിക്കാത്തവരുടെ തെറിയഭിഷേകം ഐ.എം വിജയന്റെ നേർക്കുവരുന്നത് മലയാളിയുടെ ദുർഗന്ധം വമിക്കുന്ന ജാതിബോധ്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

















































