ആലപ്പുഴ: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠി സദറുൽ അനം(23) കുറ്റം സമ്മതിച്ചു. താൻ ക്രൂരമായി മർദ്ദിച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബുഖാര പോലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മർദ്ദനം. ആശുപത്രിയിലെത്തിച്ചതും സദറുൽ അനം തന്നെയാണ്.
അതേസമയം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് വിദ്യാർത്ഥിനിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലിൽവെച്ചായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.


















































