ഈരാറ്റുപേട്ട: മാസങ്ങൾക്കുമുമ്പ് ഒരു നവജാതശിശുവിനെ വിറ്റെന്ന കേസിൽ യുവതി അറസ്റ്റിലായി. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി (26)യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.
ബുധനാഴ്ചയാണ് ഈരാറ്റുപേട്ട പോലീസ് അനീനയെ അറസ്റ്റ് ചെയ്തത്. നവജാതശിശുക്കളെ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിയായിരുന്നു ഇവരെന്നാണ് പോലീസിന് ലഭിച്ച സൂചനയെന്നാണ് അറിയുന്നത്. ഇതോടെ, നവജാതശിശുക്കളെ വിൽക്കുന്നുണ്ടെന്ന പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ രണ്ട് യുവതികൾകൂടി പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അതേസമയം സംഘം നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിനെ കേരളത്തിൽതന്നെയാണ് കുട്ടിയെ വിറ്റതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ഇടപാടുകൾ നടത്തിയത്. കുട്ടിയെ കൈമാറിയത് നിയമപരമായല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ.എസ്. അർജുൻ എന്നിവരുടെ മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് അനീന പിടിയിലായത്. നിലവിൽ രജിസ്റ്റർ ചെയ്ത കേസിനുപുറമെ കുട്ടിയെ വിറ്റതിന് മറ്റൊരു എഫ്ഐആർ കൂടി രജിസ്റ്റർചെയ്യും.
പ്രസവശേഷം കുട്ടിയെ മൂന്നുലക്ഷം രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്ന്, സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട 22കാരിയായ അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലിലാണ് പ്രതികൾ അറസ്റ്റിലായത്. പരാതിക്കാരിയുടെ ബന്ധുക്കളെ ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ ഭരണങ്ങാനത്തുള്ള മറ്റ് മൂന്ന് സ്ത്രീകളും ഉൾപ്പെട്ടെന്ന് സൂചനയുണ്ട്. പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം അറസ്റ്റിലായവർ പല ജില്ലകളിലുള്ളവരായതിനാൽ സംസ്ഥാനതലത്തിലുള്ള സംഘമാണോയെന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായവരാണ് പ്രധാന പ്രതികളെന്നാണ് ഇതുവരെയുള്ള നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അടുത്തദിവസം കോടതിയിൽ നൽകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

















































