ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങൾ പൊളിച്ച് റീസൈക്കിൾ ചെയ്യുന്നതിനായി മാറ്റിത്തുടങ്ങി. ഒരു വർഷം മുമ്പ് ലേലത്തിൽ വിറ്റ വാഹനങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോൾ ആലുവയിലേക്ക് കൊണ്ടുപോകുന്നത്. കാരവാൻ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും ബുധനാഴ്ച മാറ്റും.
പോർഷെ, മെഴ്‌സിഡസ്-ബെൻസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ലെക്സസ് എന്നിവ ഉൾപ്പെടെ ആറ് ആഡംബര വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. ദീർഘകാലമായി ഉപയോഗിക്കാതിരുന്നതിനാൽ സർവീസ് ചെയ്ത് നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, അതിനാൽ വാഹനങ്ങൾ പൂർണമായും പൊളിച്ച് ആക്രിയാക്കി റീസൈക്കിൾ ചെയ്യുമെന്നും കരാറുകാർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള എം.എസ്.ടി.സി. മുഖേന നടത്തിയ ഇ-ലേലത്തിലാണ് വാഹനങ്ങൾ 2025-ൽ വിറ്റത്. തുടർന്ന് നിയമനടപടികൾ പൂർത്തിയായ ശേഷമാണ് ഇപ്പോൾ പുതിയ ഉടമകൾ വാഹനങ്ങൾ ഏറ്റെടുക്കുന്നത്.
പുരാവസ്തു വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന പരാതിയെ തുടർന്നാണ് മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2017 മുതൽ 2020 വരെ പുരാവസ്തു വിൽപ്പനയുടെ പേരിൽ പത്ത് കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് കേസ്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് പോക്സോ കേസ് ഉൾപ്പെടെ മറ്റ് കേസുകളിലും പ്രതിയായ മോൻസൻ നിലവിൽ ജയിലിലാണ്.
















































