മുംബൈ: അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട അതേ താരത്തെക്കൊണ്ട് മാറ്റിയെഴുതിച്ച് ഇന്ത്യൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറാണ് ഫൈനലിലെ കൗമാര താരത്തിന്റെ വിസ്ഫോടന ബാറ്റിങ്ങിനു പിന്നാലെ നിലപാട് മാറ്റിയത്. ‘ഇപ്പോൾ മനസിലായി, 50 ഓവർ ക്രിക്കറ്റിനെ, തനിക്ക് കൂടുതൽ ‘നാശം’ വിതയ്ക്കാൻ കഴിയുന്ന ഫോർമാറ്റായിട്ടാണ് വൈഭവ് കാണുന്നതെന്ന്! ആദ്യത്തെ സർക്കിളിന് പുറത്ത് വെറും 2 ഫീൽഡർമാരുമായി 10 ഓവറുകൾ! 6 അല്ല!’ – എന്നാണ് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ വൈഭവിന്റെ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ മഞ്ജരേക്കർ മാറ്റിക്കുറിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഗ്രൂപ്പ് പോരാട്ടത്തിൽ സൂപ്പർ ഓവർ മത്സരത്തിൽ ഇന്ത്യ എയെ തോൽപ്പിച്ചതിനു പിന്നാലെ വൈഭവുമായി ശ്രീലങ്ക എ ടീം താരങ്ങൾ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടുത്ത ദിവസം നടന്ന അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കണമായിരുന്നുവെന്ന് മഞ്ജരേക്കർ കുറിച്ചത്. ‘ഞാൻ ഇന്ത്യ എ ടീമിന്റെ പരിശീലകനോ, മാനേജരോ ആയിരുന്നെങ്കിൽ, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കുമായിരുന്നു. കളിക്കളത്തിൽ ശാരീരികമായി ഇടപെടുന്നത് ശരിയല്ലെന്ന് അവനെ അറിയിക്കാൻ വേണ്ടി മാത്രം. പ്രകോപനങ്ങൾ എന്തുതന്നെയായിരുന്നാലും’ – എന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.
അതേസമയം ഫൈനലിൽ ശ്രീലങ്ക എയ്‌ക്കെതിരെ 324.13 സ്ട്രൈക് റേറ്റോടെ 29 പന്തിൽ 8 സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 94 റൺസിൽ 88 റൺസും സിക്സും ഫോറും അടിച്ചാണ് വൈഭവ് നേടിയത്. 8.4 ഓവറിൽ 132 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് വൈഭവ് മടങ്ങിയത്. 11 പന്തിൽ അർധ സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോർഡ് സ്വന്തം പേരിലാക്കി. ഒരു ഘട്ടത്തിൽ എക്സ്പെറ്റഡ് സ്കോർ 950 വരെയെത്തിയിരുന്നു.













































