പത്തനംതിട്ട: ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ. ദുരന്തമേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനങ്ങൾ വെറും ‘ഷൂട്ടിങ്’ മാത്രമാണെന്നും മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലെത്തി ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും എംഎൽഎ ആരോപിച്ചു.
കോന്നി വഴി പത്തനംതിട്ടയിലേക്ക് പോയിട്ടും പ്രദേശത്തെ നാശനഷ്ടങ്ങൾ കാണാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാർ പറഞ്ഞു. കൊക്കാത്തോട്, തേക്കുതോട്, വയ്യാറ്റുപുഴ എന്നിവിടങ്ങളിൽ വലിയ ഉരുൾപൊട്ടലുകളുണ്ടായി നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏക്കർകണക്കിന് കൃഷിനാശമുണ്ടായ മേഖലയിലൂടെ മുഖ്യമന്ത്രി കടന്നുപോയിട്ടും ഒരു മിനിറ്റ് പോലും അവിടെ നിർത്താൻ തയ്യാറായില്ലെന്നും എംഎൽഎ ആരോപിച്ചു.
കോന്നി എംഎൽഎയെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളെക്കുറിച്ച് അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദേശം നൽകിയതായി തനിക്ക് അറിയാൻ കഴിഞ്ഞെന്നും ജനീഷ് കുമാർ പറഞ്ഞു. ഏകോപനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുമെന്ന് ഭയന്നാണ് തന്നെ യോഗങ്ങളിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥിനെതിരെയും എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചു. മന്ത്രി കൃത്യമായ ഏകോപനം നടത്തുന്നില്ലെന്നും റൂമിൽ വിശ്രമിക്കുകയാണെന്നുമാണ് ജനീഷ് കുമാറിന്റെ ആരോപണം. മന്ത്രി വിളിച്ച യോഗത്തിൽ ജനപ്രതിനിധികൾക്ക് പകരം യുഡിഎഫ് നേതാക്കളാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഫീൽഡിലെ യഥാർഥ സ്ഥിതി മനസ്സിലാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ലെന്നും നിലവിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും കൃത്യമായി നടക്കുന്നില്ലെന്നും ജനീഷ് കുമാർ ആരോപിച്ചു.
അതേസമയം, കോന്നി എംഎൽഎയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിലേക്ക് എംഎൽഎമാരെ ആരെയും ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർമാരും വകുപ്പ് മേധാവികളും മാത്രം പങ്കെടുത്താൽ മതിയെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച ആറന്മുള, റാന്നി, തിരുവല്ല തുടങ്ങിയ മേഖലകളിലാണ് താൻ സന്ദർശനം നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോന്നിയിലും അടൂരിലും പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



















































