ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ടി. നരസിപുര താലൂക്കിൽ വിവാഹത്തിന് തലേദിവസം വധുവിനേയും മാതാപിതാക്കളേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശിവണ്ണ (50), ഭാര്യ നഗരത്ത്ന (45), ഇവരുടെ മകൾ രക്ഷിത (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സ്വന്തം വീട്ടിൽ വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയത്. രക്ഷിതയുടെ വിവാഹം അടുത്ത ദിവസം നടത്താനിരിക്കെയായിരുന്നു ദാരുണ സംഭവമുണ്ടായത്.
വിവാഹത്തിന് മുന്നോടിയായി കുടുംബം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. ഗ്രാമത്തിലെ തന്നെ ഉല്ലാസ് ഗൗഡ എന്നയാളിൽനിന്ന് കുടുംബം ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രക്ഷിതയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഗൗഡ പ്രകടിപ്പിച്ചിരുന്നുവെന്നും, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ അവളുടെ പേരിൽ അപകീർത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും വരന്റെ അടുത്തേക്ക് അയച്ച് ബന്ധം തകർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ ഉല്ലാസ് ഗൗഡയെ ഉത്തരവാദിയാക്കിയിട്ടുണ്ടെന്ന് സൂചനയുണ്ടെങ്കിലും കുറിപ്പിന്റെ മുഴുവൻ വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ടി. നരസിപുര പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. ആത്മഹത്യാകുറിപ്പ്, മൊബൈൽ ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ, മറ്റ് സാഹചര്യങ്ങൾ എന്നിവ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.















































