ഗുരുവായൂർ: കാമുകിയെ വകവരുത്താൻ എത്തിയ കാമുകനും സംഘവും പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായതായി പൊലീസ്. ഗുരുവായൂർ ടെംപിൾ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
നാലാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ച് നിന്നയാളെയും സുഹൃത്തിനെയും സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) കൊലപാതകശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന് വൈകിട്ടാണ് തൊടുപുഴ രജിസ്ട്രേഷനുള്ള കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കളെ 16 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്. തൊടുപുഴ മുട്ടം തൈപ്പറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് പിടിയിലായത്.
തൃശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ പ്രസാദിന്റെ കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുവതിയെ വകവരുത്താൻ സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രസാദിനെ ഭയന്ന് യുവതി തൃശൂരിൽനിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



















































