കൊച്ചി∙ മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ വിവാഹ വാഗ്ദാനം നൽകിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞി കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിൽ ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്.
2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ യുവതി പിന്നീട് യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
ഇവർ വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകും. അടുത്ത പടിയായി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനവും നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്.
എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിച്ചതായും വിവരമുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















































