തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചേൽപ്പിക്കുന്ന ഉപഭോക്താക്കൾക്ക് അധികമായി ഈടാക്കിയ 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്‌കോ. ഇന്ന് മുതൽ പദ്ധതി പിൻവലിക്കാനാണ് തീരുമാനം. ഒരു കാരണവശാലും ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്വീകരിക്കുകയോ റീഫണ്ട് തുക നൽകുകയോ ചെയ്യില്ലെന്ന് ബവ്‌കോ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി ചില്ലറ വിൽപ്പനശാലകളിൽ നോട്ടിസ് പ്രദർശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കുന്നതിനായി കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവ വഴി നിയോഗിച്ച ജീവനക്കാരെ 20ന് ശേഷം പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് റീജിയനൽ മാനേജർമാർ കുടുംബശ്രീ മിഷനും ശുചിത്വ മിഷനും ഔദ്യോഗിക അറിയിപ്പ് നൽകണമെന്നും ബവ്‌കോ നിർദേശിച്ചു.
പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ ബവ്‌കോ അവസാനിപ്പിക്കുന്നത്. 2025 സെപ്റ്റംബർ 10 മുതൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറ വിൽപ്പനശാലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. എന്നാൽ പദ്ധതിയുടെ നടത്തിപ്പിൽ പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി അവസാനിപ്പിക്കുന്നതെന്ന് ബവ്‌കോ വ്യക്തമാക്കി.
മദ്യത്തിന്റെ എംആർപിയേക്കാൾ 20 രൂപ അധികമായി ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളിൽനിന്ന് പരാതികളും ഉയർന്നിരുന്നു. കാലിയായ കുപ്പികൾ യഥാസമയം ചില്ലറ വിൽപ്പനശാലകളിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്തതും വലിയ പ്രശ്‌നമായി.
കാലിക്കുപ്പികൾ സൂക്ഷിക്കാനായി മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായെന്നും ബവ്‌കോ ചൂണ്ടിക്കാട്ടി. ഓണം ഉൾപ്പെടെയുള്ള തിരക്കേറിയ കാലയളവിൽ ആവശ്യത്തിന് മദ്യസ്റ്റോക്ക് സൂക്ഷിക്കുന്നതിനും ഇത് തടസമാകുന്നുണ്ട്. കൗണ്ടറിലെ തിരക്കിനിടയിൽ കാലിയായ കുപ്പികൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ജീവനക്കാർക്ക് അധിക ജോലിഭാരമുണ്ടാക്കുന്നതായും ബവ്‌കോ അറിയിച്ചു.
ചില്ലറ വിൽപ്പനശാലകളുടെ പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ കുന്നുകൂടുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ബവ്‌കോയുടെ വിലയിരുത്തൽ.
ഇതിനകം ശേഖരിച്ച കാലിയായ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ 20നോ അതിനുമുമ്പോ ക്ലീൻ കേരള മിഷൻ നീക്കം ചെയ്തെന്ന് വെയർഹൗസ് മാനേജർമാർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 20 വരെ ഷോപ്പുകളിൽനിന്ന് ശേഖരിക്കുന്ന ബാക്കിയുള്ള കുപ്പികളും സെപ്റ്റംബർ ഒൻപതിനോ അതിനുമുമ്പോ പൂർണമായി നീക്കം ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.


















































