നടി തൃഷയെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി ചേർത്ത് അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിലായ സംഭവത്തിന്റെ അലയൊലികൾക്കിടെ നടൻ ധ്യാൻ ശ്രീനിവാസനും പരിഹാസം നേരിടുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിജയ്‌യെയും തൃഷയെയും പരോക്ഷമായി കളിയാക്കി നടത്തിയ ധ്യാനിന്റെ പ്രസംഗമാണ് ഇതിന് കാരണം. സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ രംഗത്തെത്തി.
ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒരു ഇൻസ്റ്റാഗ്രാം ചാനലിൽ ധ്യാൻ മാപ്പുപറയുന്നു എന്ന ധ്വനിയിലുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ‘അണ്ണൻതമ്പി’ എന്ന മലയാളചിത്രത്തിലെ രംഗമാണ് ഇതിനായി ഉപയോഗിച്ചത്. അടുത്തത് ധ്യാനാണ് കുടുങ്ങാൻ പോകുന്നതെന്ന തരത്തിലായിരുന്നു പല കമന്റുകളും.
ഇതോടെയാണ് വീഡിയോയ്ക്ക് പ്രതികരണവുമായി ധ്യാൻ തന്നെ എത്തിയത്. ‘ഹ ഹ ഹ, അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’ എന്നാണ് ഇമോജികൾക്കൊപ്പം ധ്യാൻ ശ്രീനിവാസൻ കമന്റ് ചെയ്തത്. നിരവധി പേരാണ് ഇതിന് താഴെ പ്രതികരണവുമായി എത്തിയത്.
‘വിസിറ്റർ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ധ്യാൻ വിജയ്-തൃഷ പരാമർശം നടത്തിയത്. താൻ എന്നെങ്കിലുമൊരിക്കൽ മുഖ്യമന്ത്രിയാകുമെന്നും അന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നവ്യ നായർ സാരിയുടുത്ത് മുൻനിരയിൽ തന്നെ ഉണ്ടാകണമെന്നുമായിരുന്നു ധ്യാനിന്റെ പരാമർശം. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് കാണാൻ തൃഷ എത്തിയതുമായി ബന്ധപ്പെടുത്തിയായിരുന്നു ധ്യാനിന്റെ തമാശ.
“നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് ഞാനെന്റെ ഇന്റർവ്യൂ ജീവിതം തുടങ്ങുന്നതുതന്നെ. ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത്, കണ്ണുനിറച്ചുകൊണ്ട് മുൻനിരയിൽ നവ്യ ഉണ്ടാവണം.” ചടങ്ങിൽ ധ്യാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
പരാമർശത്തിന് പിന്നാലെ തമിഴ് ആരാധകരിൽനിന്ന് ധ്യാനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. തമിഴ്നാട്ടിലാണ് പ്രതിഷേധം ശക്തമായത്. വിജയ്‌യെ അപമാനിച്ച ധ്യാൻ മാപ്പുപറയണമെന്നും പരാമർശം പിൻവലിക്കണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം.


















































