തിരുവല്ല: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവർത്തനം ടിപ്പർ ലോറിയിലാക്കി തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ്. ചെങ്ങന്നൂർ- ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തഹസിൽദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫിസും 2 ആഴ്ച മുൻപ് ജപ്തി ചെയ്തിരുന്നു. ഇതോടെ 5 ദിവസമായി ജോബിൻ ഔദ്യോഗിക വാഹനമായി ടിപ്പർ ഉപയോഗിക്കുകയായിരുന്നു.
പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്കു ലഭിച്ച നഷ്ടപരിഹാരം കുറവാണെന്നു പരാതിയിൽ തിരുവല്ല സബ് കോടതിയാണു വാഹനവും ഓഫിസും ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. അന്നു ഭൂമി ഏറ്റെടുത്തു നൽകിയതു റവന്യു വകുപ്പായിരുന്നു. തഹസിൽദാരുടെ ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്തിരുന്നു. തിരുവല്ലയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ ഇന്നലെയോടെ ടിപ്പറിന്റെ ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു.



















































