തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്ന കാര്യങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്ത് നൽകിയിട്ടുണ്ടെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ്കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി വി. ശിവൻകുട്ടി രംഗത്തെത്തിയത്.
മന്ത്രിസഭാ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. പിഎം ശ്രീ നടപ്പാക്കുന്നതിനുവേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു, അത് കൊടുത്തില്ല. മുഖ്യമന്ത്രി കാര്യം മനസുലാക്കാതെ സംസാരിക്കുകയാണ്. പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. പിഎം ശ്രീ പദ്ധതിയിൽനിന്ന് ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല. അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
സത്യവുമായി ബന്ധമില്ലാത്ത കാര്യമാണ് വിഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞത്. പിഎം ശ്രീയുടെ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി, നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകി. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തുതാവിരുദ്ധമാണ്. അതുപോലെ പിഎം ശ്രീ നടപ്പിലാക്കാൻ പാടില്ലെന്ന് ശക്തമായി ലീഗ് നേതൃത്വം പറഞ്ഞിരുന്നു. ഇപ്പോൾ ലീഗ് നേതൃത്വം ഒന്നും പറയുന്നില്ല. യുഡിഎഫിൻ്റെ നയം അറിയണം. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും രണ്ട് നയം ഉണ്ടോയെന്ന് അറിയണം- വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലവിൽ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കാതെ കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കുംവിധത്തിൽ മാത്രമേ ആ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
















































