കോഴിക്കോട്: കൂരാച്ചുണ്ടിൽ ദിവസങ്ങൾക്കു മുൻപ് മോഷണം പോയ സ്വർണം ഒടുവിൽ വീടിനു മുറ്റത്തെ ചെടിച്ചട്ടിയിൽ. വീട്ടിൽനിന്ന് മോഷണം പോയ സ്വർണാഭരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോഷണ മുതൽ വീട്ടിലെ ചെടിച്ചട്ടിയിൽ തിരികെ കൊണ്ടുവെച്ച് മാന്യത കാട്ടിയിരിക്കുകയാണ് നല്ലവനായ മോഷ്‌ടാവ്യ കൂരാച്ചുണ്ട് ശങ്കരവയൽ സ്വദേശി നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ നാലാം തീയതിക്കും പതിനൊന്നാം തീയതിക്കുമിടെയാണ് ഇവിടെ മോഷണം നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. രവിയുടെ ഭാര്യ വത്സല കിടപ്പുമുറിയിലെ പൂട്ടൊന്നും ഇല്ലാത്ത പഴയ അലമാരയിൽ ഒരു കുപ്പിയിലാക്കിയായിരുന്നു തന്റെ മൂന്നര പവൻ മാലയും കമ്മൽ സെറ്റും മോതിരവമൊക്കെ സൂക്ഷിച്ച് വെച്ചിരുന്നത്. ഇവർ എവിടെയങ്കിലും ഫങ്ഷനുകൾക്കു പോകുമ്പോൾ മാത്രമേ മാലയൊക്കെ ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അത്ര ശ്രദ്ധിച്ചിരുന്നുമില്ലെന്ന് വത്സല പറയുന്നു. ഇതിനിടെയാണ് ആഭരണങ്ങളൊക്കെ സൂക്ഷിച്ച കുപ്പിയടക്കം കാണാതായത് പതിനൊന്നാം തീയതി വത്സലയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൂരാച്ചൂണ്ട് പോലീസിൽ പരാതി നൽകുകയും നാട്ടുകാരും വീട്ടുകാരുമൊക്കെ വീടും പറമ്പും അരിച്ച് പെറുക്കി പരിശോധിക്കുകയും ചെയ്തു. എന്നാൽ സ്വർണം കണ്ടെത്താനായില്ല.
എന്നാൽ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീടിന്റെ പുറകിലെ ചെടിച്ചട്ടിയിൽ മാലയും ബാക്കി സാധനങ്ങളും കണ്ടെത്തിയത്. ഇതിന് തലേ ദിവസം വരെ ഈ ചെടിച്ചട്ടിയിലടക്കം പരിശോധിച്ചിരുന്നുവെന്നും വീട്ടുകാരനായ രജനീഷ് പറയുന്നു. ആഭരങ്ങളോടൊപ്പം സൂക്ഷിച്ച നൂറ് രൂപയുടെ ഒരു നോട്ട് മാത്രമാണ് കാണാതായത്. ബാക്കിയെല്ലാം കള്ളൻ ചെടിച്ചട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ കിട്ടിയെങ്കിലും വീട്ടിൽ ഒരാൾ കയറിയതിന്റെ അന്വേഷണവുമായി മുന്നോട്ടുപോവാൻ തന്നെയാണ് തീരുമാനമെന്ന് രജനീഷും കുടുംബവും പറയുന്നു.

















































