മ്യാൻമർ: മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങി 500-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ജൂൺ അവസാനത്തോടെയായിരുന്നു അപകടമുണ്ടായതെങ്കിലും, വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലുമായി 500-ലധികം റോഹിങ്ക്യൻ അഭയാർഥികളുണ്ടായിരുന്നുവെന്നും ഇവരിൽ ഭൂരിഭാഗവും മരിച്ചതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.
മ്യാൻമറിലെയും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലെയും റോഹിങ്ക്യർ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽമാർഗം യാത്ര ചെയ്യുന്നത് പതിവാണ്. സുരക്ഷിതമല്ലാത്ത ബോട്ടുകളിലൂടെയുള്ള ഇത്തരം യാത്രകൾ പലപ്പോഴും വൻ ദുരന്തങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.



















































