വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് മാസമായി തുടരുന്ന സംഘർഷത്തിനിടെ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി റിപ്പോർട്ടുകൾ. ഇതോടൊപ്പം ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾ ആരംഭിക്കാനും ഇരുപക്ഷവും തയ്യാറായിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ധാരണാപത്രത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
ഇറാൻ ഭരണകൂടം ഔദ്യോഗികമായി യാതൊരു കരാറും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അസോസിയേറ്റഡ് പ്രസ്സ്, ആക്സിയോസ് തുടങ്ങിയ മാധ്യമങ്ങൾ അമേരിക്കൻ ഉദ്യോഗസ്ഥരെയും പ്രാദേശിക മധ്യസ്ഥരെയും ഉദ്ധരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഏപ്രിൽ 8ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ നിന്നു പോകുമെന്ന സൂചനകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നീക്കങ്ങളും ഇടയ്ക്കിടെ നടക്കുന്ന ആക്രമണങ്ങളും നിലനിൽക്കുന്നതിനാൽ സമാധാന പ്രക്രിയയെ നിലനിർത്താൻ ഈ പുതിയ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്.
അതേസമയം അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കരാറിന്റെ അടിസ്ഥാന വ്യവസ്ഥകളിൽ ഇരുപക്ഷവും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ അന്തിമ ഒപ്പിടലിന് മുമ്പ് ഉന്നത നേതൃനിലവാരത്തിലുള്ള അംഗീകാരം നിർബന്ധമാണ്. അതേസമയം, ആക്സിയോസ് റിപ്പോർട്ട് പ്രകാരം ഇറാൻ ആവശ്യമായ ആഭ്യന്തര അനുമതികൾ നേടിയതായും കരാർ ഒപ്പിടാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ അമേരിക്കൻ പ്രതിനിധികൾ ട്രംപിനെ നേരത്തെ ബ്രീഫ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഉടൻ തീരുമാനമെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. “കരാറിനെക്കുറിച്ച് ആലോചിക്കാൻ പ്രസിഡന്റിന് കുറച്ച് ദിവസങ്ങൾ വേണമെന്നാണ് അദ്ദേഹം മധ്യസ്ഥരോട് വ്യക്തമാക്കിയിരിക്കുന്നതെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വെടിനിർത്താൽ 60 ദിവസത്തേക്ക് നീട്ടാനുള്ള ഈ നീക്കം സംഘർഷം കുറയ്ക്കുന്നതിനും, ആണവ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനും നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ പ്രക്രിയയുടെ ഭാവി ഇപ്പോൾ ട്രംപിന്റെ അന്തിമ തീരുമാനത്തിൽ ആശ്രയിച്ചിരിക്കുകയാണ്.















































