അസമിൽ നിന്ന് കേരളത്തിലെത്തി സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിലെത്തിയ വ്യക്തിയാണ് ജാൻമണി ദാസ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ജാൻമണിക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതോടെ ജാൻമണി വീണ്ടും വിവാദത്തിലായി.
ഇതുസംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാൻമണിയുടെ അടുത്ത സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ലെന്ന് രഞ്ജിനി പറഞ്ഞു.
”ഇത് പറയണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോടുതന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു. പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്. ജാൻമണി എന്റെ സുഹൃത്താണ്, സ്നേഹവുമുണ്ട്. പക്ഷെ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.
ഒരു റീൽ കണ്ടിട്ടാണ് അറിവില്ലായ്മകൊണ്ട് ജാൻ സംസാരിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചാണ്, അതും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് സത്യം എന്താണെന്ന് പോലും അറിയാതെയാണ് സംസാരിച്ചത്. വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി! അവളുടെ ചുറ്റും നിൽക്കുന്ന ഞങ്ങളെയും ഇതെല്ലാം ബാധിക്കുന്നുണ്ട്.
കുട്ടികളല്ലല്ലോ, സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കണ്ടേ? സത്യം എന്താണെന്ന് അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവത്കരിച്ചു. പിള്ളേർ നേടിയ വിജയം 24 മണിക്കൂർ പോലും എനിക്ക് ആഘോഷിക്കാനായി ജാനു തന്നില്ല. അതിനിടയിൽ ഇങ്ങനെയെല്ലാം പറഞ്ഞു. അവളോട് നല്ല ദേഷ്യം തോന്നി”, രഞ്ജിനി പറഞ്ഞു.


















































