വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ നിന്ന് നയതന്ത്രപരമായ പരിഹാരം തേടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ രണ്ട് വിരുദ്ധ നിലപാടുകൾ. പ്രധാന സഖ്യരാജ്യങ്ങളായ ഇസ്രയേലും സൗദി അറേബ്യയും വ്യത്യസ്ത ആവശ്യങ്ങളാണ് അമേരിക്കയ്ക്ക് മുന്നിൽവെച്ചിരിക്കുന്നത്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം. എന്നാൽ യുദ്ധം നീണ്ടുപോകുന്നത് മേഖലയിൽ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സംഘർഷത്തിന് ഉടൻ അയവ് വരുത്തണമെന്നുമാണ് സൗദി അറേബ്യയുടെ നിലപാട്.
ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു ഇറാനുമായുള്ള ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇറാനെ സമ്മർദത്തിലാക്കാൻ സൈനിക ആക്രമണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം വീണ്ടും ആരംഭിക്കുന്നതടക്കമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
എന്നാൽ തൊട്ടടുത്ത ദിവസം വാഷിംഗ്ടണിലെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ മറ്റൊരു സന്ദേശമാണ് ട്രംപിന് നൽകിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും കണ്ടത്. മേഖലയിൽ സംഘർഷം രൂക്ഷമാക്കാൻ നെതന്യാഹു ശ്രമിക്കുന്നുവെന്നും യുദ്ധത്തിന് പകരം സമാധാനം പുനഃസ്ഥാപിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ട്രംപിന് സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും സമ്മർദം ശക്തമാകുകയാണ്. യുദ്ധം നീണ്ടാൽ ഇന്ധനവില ഉയരുന്നത് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ ആശങ്ക.
ലോകത്തെ പ്രധാന ഇന്ധന ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ചുരുങ്ങിയ കാലത്തേക്കെങ്കിലും ധാരണയിലെത്താനുള്ള ശ്രമങ്ങളും മേഖലയിലെ രാജ്യങ്ങൾ നടത്തുന്നുണ്ട്.
അതേസമയം, ഈ ആഴ്ച പുറത്തുവന്ന സി.എൻ.എൻ. സർവേയും ട്രംപിന് ആശ്വാസം നൽകുന്നതല്ല. ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപ് സ്വീകരിക്കുന്ന നയങ്ങളെ പിന്തുണയ്ക്കുന്നത് 28 ശതമാനം അമേരിക്കക്കാർ മാത്രമാണെന്നാണ് സർവേയിലെ കണ്ടെത്തൽ.
ഇറാന്റെ മിസൈൽ ശേഷി തകർക്കുന്നതിനായി ഒന്നോ രണ്ടോ ആഴ്ച നീളുന്ന ശക്തമായ വ്യോമാക്രമണത്തിന് യു.എസ്. സെൻട്രൽ കമാൻഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് ട്രംപ് ഇതുവരെ അനുമതി നൽകിയിട്ടില്ല.
വെറും വ്യോമാക്രമണത്തിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാലങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ വലിയ സിവിലിയൻ ദുരന്തമുണ്ടാകാനുള്ള സാധ്യതയും ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇതിനിടെ ഇറാന്റെ ഭീഷണി കാരണം എയർഫോഴ്സ് വൺ വിമാനം പോലും മാറ്റേണ്ടിവരുന്ന സാഹചര്യം ട്രംപിനെ അസ്വസ്ഥനാക്കിയതായാണ് റിപ്പോർട്ട്. തങ്ങൾ ചർച്ച നടത്തുന്ന ഇറാനിലെ രാഷ്ട്രീയ നേതാക്കൾക്ക് യഥാർഥത്തിൽ കാര്യമായ സ്വാധീനമില്ലെന്നും റെവല്യൂഷണറി ഗാർഡാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് യു.എസ്. ഉദ്യോഗസ്ഥരുടെ ആശങ്ക.
ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇറാനുമായി ധാരണയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ചർച്ചകൾ നിലവിൽ കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്.
അതേസമയം, ഒരു ഘട്ടത്തിൽ കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ട്രംപ് ഇറാനെതിരായ ആക്രമണം പൂർണമായും ഒഴിവാക്കിയിട്ടില്ല. സൗദിയുടെ സമാധാന ആഹ്വാനത്തിനും ഇസ്രയേലിന്റെ കടുത്ത യുദ്ധനിലപാടിനും ഇടയിൽ നിൽക്കുന്ന ട്രംപ് ഇനി സ്വീകരിക്കുന്ന തീരുമാനം പശ്ചിമേഷ്യയുടെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഗതാഗതത്തിന്റെയും ഭാവിയെ നിർണയിച്ചേക്കും.


















































