കൊച്ചി: ഒരു രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ സാമ്പത്തികമായോ പദവികളിലൂടെയോ കൃത്യമായ പരിഗണന വേണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ പുറത്തുവിട്ട് ട്വന്റി-20. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾക്കായി അഖിൽ മാരാർ വിലപേശുന്ന ഓഡിയോയാണ് പാർട്ടി പുറത്തുവിട്ടത്. ട്വന്റി-20യും അഖിൽ മാരാരും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സാമ്പത്തികമായ ‘അക്കോമഡേഷൻ’ അനിവാര്യമാണെന്ന് മാരാർ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് അല്ലെങ്കിൽ ബിജെപി പോലുള്ള ദേശീയ പാർട്ടികളിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ഒരു വിലയോ റെസ്പെക്ടോ ഇവിടെ ലഭിക്കുന്നില്ലെന്നും അതല്ലെങ്കിൽ പദവികൾ ചോദിച്ചു വാങ്ങണമെന്നും മാരാർ ആവശ്യപ്പെടുന്നു. ഇതിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഓഡിയോയിൽ പറയുന്നു. ബിജെപിയുടെ സെൻട്രൽ ബോർഡുകളിലെങ്കിലും സ്ഥാനം ലഭിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന കാര്യവും സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. കൊട്ടാരക്കര സീറ്റ് എന്ന ലക്ഷ്യത്തോടെയാണ് താൻ ട്വന്റി-20യിലേക്ക് വന്നതെന്ന് അഖിൽ മാരാർ ഓഡിയോയിൽ തുറന്നു സമ്മതിക്കുന്നു.
രാഷ്ട്രീയത്തിൽ തുടരുന്നതിലൂടെ ലാഭത്തേക്കാൾ കൂടുതൽ നഷ്ടങ്ങളാണ് ഉണ്ടായതെന്നും, ബിജെപിയുടെ കേന്ദ്ര ബോർഡുകളിലെങ്കിലും ഒരു സ്ഥാനം ലഭിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. കൊട്ടാരക്കര നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് താൻ ട്വന്റി-20യിലേക്ക് എത്തിയതെന്നും അഖിൽ മാരാർ സംഭാഷണത്തിൽ തുറന്നു പറയുന്നതായും പാർട്ടി ആരോപിക്കുന്നു.
സാബു എം. ജേക്കബ് നീതി കാണിച്ചില്ലെന്നും തന്നെ വഞ്ചിച്ചുവെന്നുമുള്ള ആരോപണവുമായി അഖിൽ മാരാർ നേരത്തെ ട്വന്റി-20 വിട്ടിരുന്നു. ബിജെപി തനിക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും പിന്നീട് തൃക്കാക്കരയിലേക്ക് മാറ്റിയെന്നും അതും രാഷ്ട്രീയ വഞ്ചനയായിരുന്നുവെന്നുമാണ് അദ്ദേഹം ആരോപിച്ചത്. താൻ പലതവണ അയച്ച സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും മാരാർ പറഞ്ഞിരുന്നു.
അതേസമയം, അഖിൽ മാരാർ മുന്നോട്ടുവച്ചതെന്ന് പറയുന്ന ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങാൻ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കഴിയില്ലെന്നാണ് ട്വന്റി-20യുടെ നിലപാട്. വർഷങ്ങളായി പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്നവരെ അവഗണിച്ച് ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും, അഖിൽ മാരാർ മുന്നോട്ടുവച്ച വിലപേശൽ രാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കാനാണ് ശബ്ദരേഖ പുറത്തുവിട്ടതെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

















































