അടൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസുകാരന് നേരെയുണ്ടായ തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. അടൂർ ഏഴംകുളം തേപ്പുപാറ കൊച്ചുറോഡ് കിഴക്കേതിൽ ഷിഹാദിന്റെയും ഷാഹിനയുടെയും മകൻ മുഹമ്മദ് റംസാനാണ് ശരീരമാസകലം നായകളുടെ കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
സഹോദരനൊപ്പം റംസാൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായ്ക്കൾ കൂട്ടംകൂടി ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ മാതാവും അയൽവാസികളും ചേർന്ന് നായ്ക്കളെ ഓടിച്ചാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ശരീരമാസകലം കടിയേറ്റിരുന്നു. ഇതിനിടെ, കടിയേറ്റ കുട്ടി സമീപത്തെ ഓടയിൽ വീഴുകയും ചെയ്തു.
പരുക്കേറ്റ കുട്ടിയെ ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മലദ്വാരത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വലതുകൈയിൽ പതിനാല് മുറിവും ഇടതുകൈയിൽ ആറ് മുറിവും മുഖത്ത് അഞ്ച് മുറിവുമുണ്ട്. പരുക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















































