ഹൈദരാബാദ്: ഹൈദരാബാദിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്ഷേത്ര വിഗ്രഹമെടുത്ത് സമീപത്തെ കുളത്തില്‍ ചാടി യുവതി. മുങ്ങിമരിച്ച യുവതിയുടെ മൃതദേഹം കണ്ടെടുത്തുവെങ്കിലും, ഇവരുടെ കയ്യിലുണ്ടായിരുന്ന അമ്മാവാരു ദേവിയുടെ വിഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ നിർണായക തെളിവായേക്കാവുന്ന ഈ വിഗ്രഹത്തിനായി ദുരന്തനിവാരണ സേന ബോട്ടുകൾ ഉപയോഗിച്ച് കുളത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. സോഫ്റ്റ്‌വെയര്‍ തേജസ്വിനി എന്ന യുവതിയാണ് മരിച്ചത്. സംഭവദിവസം വസ്ത്രങ്ങൾ പൂർണമായും ഉപേക്ഷിച്ച് സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച തേജസ്വിനി, അവിടെയുണ്ടായിരുന്ന ദേവീവിഗ്രഹവും എടുത്തുകൊണ്ട് നടന്ന് അടുത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ മാതാവ് അരുണയെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ മരണമൊഴിയെന്ന് സംശയിക്കുന്ന കുറിപ്പും, സാമ്പത്തിക ഇടപാടുകളും, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ നീക്കങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യുവതി താമസിച്ചിരുന്ന വാടക ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിദിനം 3,500 രൂപയോളം (പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ) വാടക നൽകിയാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണപരിധിയിലാണ്. തേജസ്വിനിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, സംഭവങ്ങളുടെ യഥാർഥ പശ്ചാത്തലവും ഇതിന് പിന്നിലെ പ്രേരണയും എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
















































