കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി നടന്ന അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് വിവരം. ഓട്ടോയിലാണ് അർജുൻ ആയങ്കി കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിലെത്തിയത്. ഈ സമയം സംശയം തോന്നിയ ഡ്രൈവർ പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അത് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ പിടികൂടുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പോലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അതേസമയം താൻ പോലീസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും അർജുൻ പറഞ്ഞു. അതുപോലെ കടലിൽ കാണാതായവരെ കിട്ടിയോ എന്നും പരിഹസിച്ചു.
വൈഫൈ കോളിങ്ങും ഐപി മാസ്കിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നതെന്നാണ് അറിയുന്നത്. ഇന്റർനെറ്റ് ലൊക്കേഷൻ വഴി പോലീസിനെ തെറ്റായ വഴികളിലേക്ക് തിരിച്ചുവിടാൻ ആയങ്കിക്ക് സാധിച്ചു. ടവർ ലൊക്കേഷനുകൾ മാറ്റിമറിച്ചും ഒളിവിൽ കഴിയുന്നതിനിടയിൽ വാഹനങ്ങൾ നിരന്തരം മാറ്റിയും പോലീസിനെ വെള്ളംകുടിപ്പിച്ചു. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രപരിസരത്തുനിന്നും സുഹൃത്തുക്കളായ സൗദ്, ഇസ്മായിൽ എന്നിവരെ കൊച്ചിയിൽ നിന്നും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം കോതമംഗലത്തിനു സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിനു നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്എച്ച്ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിനു പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിക്കുന്നത് തുടർന്നതാണ് അറസ്റ്റിലേക്കു നയിച്ചത്.






