വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് പിന്നാലെ കിണർ വൃത്തിയാക്കി നൽകിയില്ലെന്ന വിരോധത്തിൽ ആടിന്റെ ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53)യെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ചികിത്സയിലാണ്.
രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആട് ഏതാനും ദിവസം മുമ്പാണ് രാജശേഖരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വീണത്. തുടർന്ന് ആടിനെ കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്നാരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിന്റെ വിരോധമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ നെഞ്ചിൽ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ഗുരുതരമായ അപകടം ഒഴിവായി. എന്നാൽ ആക്രമണത്തിനിടെ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു. മുതുകിൽ തോളിനോട് ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ അയിരൂർ പൊലീസ് രാജശേഖരൻ പിള്ളയെ കസ്റ്റഡിയിലെടുത്തു.




