തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജ് (ജിത്തു–31) പിടിയിൽ. എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അരശുപറമ്പിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 31നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം നെടുമങ്ങാട് കോടതിയിലെത്തിയത്. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റിമാൻഡ് ഉത്തരവ് വന്നയുടൻ കോടതി മുറിയിൽനിന്ന് പുറത്തേക്ക് ഓടിയ പ്രതി പൊലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് കോടതിയുടെയും സമീപപ്രദേശങ്ങളുടെയും വിവിധ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നിതിൻ രാജിനെ കണ്ടെത്താനായില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് പൊലീസ് അരശുപറമ്പിലെ വീട്ടിലെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ഉദ്യോഗസ്ഥരെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നിതിൻ രാജിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്. ഇയാൾ നേരത്തെ കാപ്പാ കേസ് പ്രതിയായിരുന്നുവെന്ന വിവരം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ജാമ്യാപേക്ഷ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
റിമാൻഡ് ഉത്തരവ് വന്നതിന് പിന്നാലെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി കോടതിയിൽനിന്ന് രക്ഷപ്പെട്ടത്. എട്ട് ദിവസത്തിന് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയതോടെയാണ് ഒളിവുജീവിതത്തിന് അവസാനം കുറിച്ചത്.




