പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) ആണ് പത്തനംതിട്ട സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ. ഐപിഎസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
സാമൂഹിക മാധ്യമങ്ങളിൽ നിന്നും സുമുഖരായ യുവാക്കളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് അൻസാർ വ്യാജ പ്രൊഫൈലുകൾ തയ്യാറാക്കിയിരുന്നത്. ഈ പ്രൊഫൈലുകൾ ഉപയോഗിച്ച് മാട്രിമോണി സൈറ്റുകളിൽ പരസ്യം നൽകുകയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിവിധ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അൻസാറിനെ പിടികൂടിയത്.
മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാനമായ കുറ്റകൃത്യങ്ങളിൽ അൻസാറിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.




